ദുബായ്: ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽനിന്നു യാത്രാവിമാനം തലനാരിഴയ്ക്കു രക്ഷപ്പെട്ടു. യെമനിൽ സർക്കാർ നിയന്ത്രണത്തിലുള്ള ഏദൻ രാജ്യാന്തര വിമാനത്താവളത്തിൽ നടന്ന ആക്രമണത്തിലാണ് വിമാനത്തിന് സമീപം മിസൈൽ പതിച്ചത്.
ഈജിപ്ത് തലസ്ഥാനമായ കയ്റോയിലേക്കു പറക്കാനൊരുങ്ങിനിന്ന യെമനിയ എയർവേയ്സിന്റെ ഐവൈ 612 വിമാനത്തിൽനിന്ന് 500 മീറ്റർ അകലെയാണു മിസൈൽ പതിച്ചത്. പ്രധാന റൺവേയിൽനിന്നു 100 മീറ്റർ അകലെയാണിത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
ഹൂതികളുടെ ആക്രമണത്തിൽ സൗദി സഖ്യസേനയുടെ ആയുധപ്പുരയും തകർന്നു. റിയാദ് ലക്ഷ്യമിട്ടെത്തിയ ഹൂതികളുടെ നാല് ഡ്രോണുകൾ തകർത്തതായി സൗദി സഖ്യസേന അറിയിച്ചു. പ്രത്യാക്രമണത്തിൽ ഹൂതികളുടെ മിസൈൽ ലോഞ്ചറുകൾ തകർന്നു.